World Environment Day Celebrations & Inauguration of Botany Association
ബോട്ടണി അസോസിയേഷൻ ഉദ്‌ഘാടനവും പരിസ്ഥിതി ദിനാചരണവും
തിരുവല്ല: മാർത്തോമ്മാ കോളേജ് ബോട്ടണി വിഭാഗത്തിന്റെയും, ഒയിസ്ക ഇൻറർനാഷണൽ, ജപ്പാൻമായി ചേർന്ന് ചേർന്ന് പരിസ്ഥിതി ദിനം ആചരിച്ചു. പത്തനംതിട്ട ജില്ലാ പഞ്ചായത്ത് പ്രസിഡന്റും കോളേജിൻ്റെ പൂർവ്വ വിദ്യാർത്ഥിയുമായ ശ്രീമതി. രാജി പി. രാജപ്പൻ ഈ വർഷത്തെ ബോട്ടണി അസോസിയേഷന്റെയും പരിസ്ഥിദിനാചരണത്തിന്റെയും ഉദ്ഘാടനം നിർവഹിച്ചു. കാട് വെട്ടിത്തെളിച്ച് കെട്ടിടങ്ങളും റോഡുകളും പാലങ്ങളും നിർമിച്ചു. ഭൂമിയിലെ പച്ചപ്പ് ഇല്ലാതായി. നദികൾ വറ്റി വരണ്ടു. ആവാസവ്യവസ്ഥ നശിച്ചതോടെ വന്യമൃഗങ്ങൾ കാടുവിട്ട് ജനവാസമേഖലകളിലേക്ക് ഇറങ്ങി. രാപകലില്ലാതെ ആശങ്കയിൽ കഴിയുന്ന മനുഷ്യർ. മുൻപെങ്ങുമില്ലാത്ത വിധം കൊടുംവേനലും വരൾച്ചയും. കാലാവസ്ഥാവ്യതിയാനവും ആഗോളതാപനവും മനുഷ്യരാശിയുടെ നിലനിൽപ്പിന് തന്നെ വെല്ലുവിളി ഉയർത്തുന്ന കാലത്താണ് ഒരു പരിസ്ഥിതി ദിനം കൂടി വന്നെത്തുന്നത്. ഭൂമിയെ സംരക്ഷിക്കുന്നതിന് മരങ്ങൾ വച്ചുപിടിപ്പിക്കുക, മാലിന്യം നിറഞ്ഞ് വറ്റിപ്പോയ ജലസ്രോതസ്സുകൾ പുനരുജ്ജീവിപ്പിക്കുക തുടങ്ങിയ ലക്ഷ്യത്തോടെയാണ് ഇത്തവണ പരിസ്ഥിതി ദിനാചരണം എന്ന് ശ്രീമതി. രാജി പി. രാജപ്പൻ പറഞ്ഞു.
പ്രൊഫ. പി. ജി. ഫിലിപ്പ്, പ്രസിഡൻറ്, സൗത്ത് ഇന്ത്യൻ ചാപ്റ്റർ, ഒയിസ്ക ഇൻറർനാഷണൽ, ടോക്കിയോ, ജപ്പാൻ പരിസ്ഥിതി ദിന പ്രഭാഷണം നടത്തി. പരിസ്ഥിതി നശിക്കുന്നത് നമ്മുടെ സ്വന്തം നാശം തന്നെയാണെന്ന് ലോകം തിരിച്ചറിയാൻ തുടങ്ങിയ പശ്ചാത്തലത്തിൽ കാലാവസ്ഥാ വ്യതിയാനവും അപൂർവമായ പ്രകൃതി ദുരന്തങ്ങളും ഒഴിവാക്കാൻ ലോകരാജ്യങ്ങളും ശ്രമിച്ചുവരുന്നുണ്ട്. 1972 മുതലാണ് ഐക്യരാഷ്ട്രസംഘടനയുടെ നേതൃത്വത്തിൽ ഈ ദിനം ആചരിക്കാൻ തുടങ്ങിയത്. സൗദി അറേബ്യയാണ് ഇത്തവണ ലോക പരിസ്ഥിതി ദിനത്തിന് ആതിഥേയത്വം വഹിക്കുന്നത്. ഈ വർഷത്തെ (2024 ജൂൺ 5) പരിസര ദിനത്തിന്റെ പ്രമേയം ‘ഭൂപുനഃസ്ഥാപനവും, മരുവൽക്കരണം, വരൾച്ച എന്നിവയ്ക്കെതിരെയുള്ള പ്രതിരോധവും’ (land restoration, desertification and drought resilience) എന്നതാണ്. സസ്യശാസ്ത്ര വിഭാഗത്തിന്റെ നേതൃത്വത്തിൽ ‘നമ്മുടെ ഭൂമി, നമ്മുടെ ഭാവി, നമ്മൾ പുനഃസ്ഥാപനത്തിന്റെ തലമുറ’ എന്ന ആശയത്തിൽ വിദ്യാര്‍ഥികളില്‍ ജൈവവൈവിധ്യ സംരക്ഷണ അവബോധം ഉണര്‍ത്തുന്നതിനും സംഘടിപ്പിച്ച സെമിനാറിൽ മുഖ്യ പ്രഭാഷണത്തിൽ അദ്ദേഹം പറഞ്ഞു. പ്രിൻസിപ്പൽ ഡോ. മാത്യു വര്‍ക്കി റ്റി.കെ, വകുപ്പ് മേധാവി പ്രൊഫ. ഡോ. നീത എൻ. നായർ, ഒയിസ്ക ഇൻറർനാഷണൽ സൗത്ത് ഇന്ത്യൻ ചാപ്റ്റർ സെക്രട്ടറി ശ്രീ. സാമുവൽ പ്രക്കാനം, ബോട്ടണി അസോസിയേഷൻ പ്രസിഡൻറ് ഡോ. ജേക്കബ് തോമസ്, കോളേജ് ഗവേണിംഗ് കൗൺസിൽ അംഗം ശ്രീ. മനേഷ് ജേക്കബ്, സുവോളജി വിഭാഗം മേധാവി ഡോ. രാജു തോമസ് കെ., ശ്രീമതി. എലിസബത്ത് ജോർജ് , കുമാരി. നൂർ ഫാത്തിമ എന്നിവർ പ്രസംഗിച്ചു.